ക്ഷേത്ര ഐതിഹ്യം

പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം

ഭൃഗു മഹർഷിയുടെ സാന്നിദ്ധ്യത്താൽ പരശുരാമനാൽ പ്രതിഷ്ഠിതമായ 108 ദുർഗ്ഗാലയങ്ങളിൽപെടുന്ന ദേവീ പ്രതിഷ്ഠ. ത്രേതായുഗത്തിൽ ഭാർഗ്ഗവരാമൻ പ്രതിഷ്ഠ നടത്തി. പ്രതിഷ്ഠ നടത്തിയ ശേഷം ഭാർഗ്ഗവരാമൻ പടിഞ്ഞാറൻ ദിശയിലേക്ക് പോവുകയും തിരിച്ച് പള്ളിക്കുന്നിൽ പ്രവേശിച്ച് ക്ഷേത്രവും ക്ഷേത്ര മണ്ഡപവും മതിലും ഗോപുരങ്ങളും നിർമ്മിച്ചു. തെരു വീഥികളിൽ ചന്തകളും വ്യാപാരശാലകളും കൂടിയുമിരുത്തി. അറുപത്തിനാല് ഗ്രാമങ്ങളിലെ ബ്രാഹ്മണ ശ്രേഷ്ഠരെയും വരുത്തിച്ച് പള്ളിക്കുന്നിൽ കുടികൊള്ളുന്ന മഹിഷാസുര മർദ്ദിനി ദേവിയെ ശാന്തിചിത്തയായി സരസ്വതി ദേവിയായി പ്രതിഷ്ഠ ചെയ്യിപ്പിച്ചു. കാട്ടുമാടം നമ്പൂതിരിപ്പാടിന് തന്ത്രി സ്ഥാനവും ശാശ്വതമായ ക്ഷേത്ര കാര്യങ്ങൾ നടത്താനുള്ള അധികാരവും ചാർത്തിക്കൊടുത്തു. മൂഷികരാജ വംശത്തിന്റെ കാലത്തത്ര ക്ഷേത്ര പുനരുദ്ധാരണവും പരിപാലനവും നടത്തിയത്. മൂഷികരാജ വംശത്തിന്റെ തകർച്ചയ്ക്ക് ശേഷം പിന്നീട് വന്ന കോലത്തിരി രാജാക്കന്മാരായിരുന്നു ക്ഷേത്ര പരിപാലനം നടത്തിയത്. മഹിഷാസുര മർദ്ദിനി ഭാവത്തെ ശാന്ത സ്വരൂപിണി സരസ്വതി ദേവിയായും മൂകാംബികയായും ആരാധിച്ചു തുടങ്ങി. മൂന്നേടം, ഇല്ലേടം തന്ത്രിമാർ ദേവിയുടെ രണ്ട് ഭാവത്തിൽ പൂജ നടത്തി തുടങ്ങി. കോലത്തിരി രാജാക്കന്മാർ കാട്ടുമാടം തന്ത്രിയുടെ സഹായത്തോടെ അഷ്ടൈശ്വര്യങ്ങൾ നൽകി ദേവീ വിഗ്രഹത്തെ പൂജിക്കാൻ തുടങ്ങി.

മൂഷികരാജ വംശത്തിന്റെ ദുരിതങ്ങൾ പരിഹരിക്കുവാൻ മഹിഷാസുര മർദ്ദിനി സേവ ഉള്ളവർക്ക് മാത്രമേ കഴിയുകയുള്ളൂ. മഹിഷാസുര മർദ്ദിനി സേവ കാട്ടുമാടം തന്ത്രിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പള്ളിക്കുന്ന് മൂകാംബിക മഹിഷാസുര മർദ്ദിനി ക്ഷേത്രം ഇല്ലത്തേക്ക് രാജവംശം ദാനമായികൊടുത്തു. കാലങ്ങൾ കഴിഞ്ഞപ്പോൾ കാട്ടുമാടം മന രണ്ടായി വിഭജിക്കപ്പെട്ടു. കാലത്തെ പൂജ ഇല്ലേടം മനയും ഉച്ച പൂജ മൂന്നേടത്ത് നെയ്യും അത്താഴ പൂജ ശാന്തിക്കാരനും ചെയ്തുവന്നു. അങ്ങിനെ മൂന്നു പേരും ദേവിയെ മൂന്ന് ഭാവത്തിൽ(സരസ്വതി, ലക്ഷ്മി,ദുർഗ്ഗ)പൂജിച്ചു വന്നു. കാലത്ത് സരസ്വതിയായി പൂജിച്ചു വന്നതുകൊണ്ട് വിദ്യാരംഭം സുപ്രധാനം, ശ്രീമദ്ഭാഗവതം പാരായണവും സുപ്രധാനം.

ഒരു രാത്രി കർഷകനായ ശങ്കരവാര്യർക്ക് ദേവി സ്വപ്ന ദർശനം നൽകുകയും വടക്കെ തിടപ്പള്ളിയിൽ ഒരു പഴമുണ്ടെന്നും ആ പഴമെടുത്തു കഴിക്കാനും ദേവി അരുളപ്പാട് ചെയ്യുന്നു. സ്വപ്ന ദർശന പ്രകാരം ശങ്കര വാര്യർ ആ പഴമെടുത്ത് കഴിച്ച് തൊലി രാവിൻ നിക്ഷേപിക്കുന്നു. അതോടെ ശങ്കര വാര്യരിൽ വിദ്യുവിളങ്ങി. ശങ്കര വാര്യർ ശങ്കര കവിയായി മാറി ദേവി സ്തുതികൾ രചിച്ചു തുടങ്ങി. പഴത്തിന്റെ തൊലിയെടുത്ത് കഴിച്ച് ശാന്തിക്കാരൻ ദൈവ കവിയായി മാറിയെന്നാണ് സങ്കല്പം. മഹാകവി ചെറുശ്ശേരി നമ്പൂതിരി ഇവിടെ ശാന്തിക്കാരൻ ആയിരുന്നു.

വർഷങ്ങൾ കടന്നുപോയി. ഒരു ദിവസം കാലത്ത് ശാന്തിക്കാരൻ നമ്പൂതിരിപ്പാട് ശംഖിൽ വെള്ളം കണ്ടു പ്രശ്ന ചിന്ത നടത്തിയപ്പോൾ രാത്രികാലങ്ങളിൽ ദേവന്മാർ ക്ഷേത്രത്തിൽ പൂജ ചെയ്യുന്നുണ്ടെന്നു കാണാൻ കഴിഞ്ഞു. അതിനു ശേഷം പൂജാ പാത്രങ്ങളും ശംഖും പൂവും ശ്രീകോവിലിനകത്ത് വെച്ചുതുടങ്ങി.